Thursday, July 07, 2005

ബ്ലോഗ്‌ ലോകം

ബ്ലോഗ്‌ ലോകം
ജെ.മുരളി
ഇന്റർ‍നെറ്റ്‌ എന്നാല്‍ എല്ലാവര്‍ക്കും വെബ്‌സൈറ്റാണ്‌. അല്ലെങ്കില്‍ ഇ-മെയില്‍. ഇന്റർ‍നെറ്റിന്റെ സാധ്യതകള് പരിചയമില്ലാത്തവർ‍ വെറും വെബ്‌സൈറ്റിലും ഇ-മെയിലിലും ചാറ്റിലും ഒതുങ്ങുമ്പോൾ അവര്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ വലിയൊരു ലോകമാണ്‌. ഏറ്റവും പ്രയോജനകരമായി വളര്‍ന്നിരിക്കുന്ന ഇന്റര്‍നെറ്റ്‌ ടൂള്‍ ആയ 'വെബ്ലോഗ്‌' അഥവാ 'ബ്ലോഗ്‌' പരിചയപ്പെട്ടില്ലെങ്കില്‍ തന്നെ നഷ്ടം ഭീകരം. ഇന്റര്‍നെറ്റിന്‌ അറിവ്‌ തരാന്‍ കഴിയാത്ത വിഷയങ്ങളോ മേഖലകളോ ഇല്ല. പക്ഷേ അറിവ്‌ നേടാന്‍ മാത്രമല്ല, അറിവ്‌ പകര്‍ന്ന്‌ നല്‍കാനും ഇന്റര്‍നെറ്റ്‌ പറ്റിയ വേദിയാണ്‌. നമ്മളുടെ അറിവും അഭിപ്രായങ്ങളും മറ്റുള്ളവരിലേക്ക്‌ സ്വതന്ത്രമായി എത്തിക്കാന്‍ സഹായിക്കുന്നതിനാലാണ്‌ ബ്ലോഗ്‌ ഇന്ന്‌ ലോകത്തെ പ്രിയങ്കരമായ ഇന്റര്‍നെറ്റ്‌ ടൂള്‍ ആയി മാറിയത്‌. ഏറ്റവും അവസാനം എത്തിയ വിവരങ്ങള്‍ ആദ്യമെന്ന നിലയില്‍ ശേഖരിച്ചിരിക്കുന്ന ഒരു വെബ്സൈറ്റായി വേണമെങ്കില്‍ ബ്ലോഗിനെ കാണാം. പക്ഷേ, സാമ്യം അതില്‍ ഒതുങ്ങുന്നു. അനുദിനം വളര്‍ന്ന്‌ കൊണ്ടിരിക്കുന്ന വിവരശേഖരമാണ്‌ ബ്ലോഗുകളില്‍ ഉള്ളത്‌. ബ്ലോഗ്‌ സൃഷ്ടിക്കുന്നവനാണ്‌ ബ്ലോഗര്‍. പല ബ്ലോഗര്‍മാരും ഓണ്‍ ലൈന്‍ ഡയറി പോലെയാണ്‌ ബ്ലോഗുകള്‍ ഉപയോഗിക്കുന്നത്‌. തങ്ങളുടെ അഭിപ്രായങ്ങളോടൊപ്പം മറ്റ്‌ സൈറ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്കും അവര്‍ ചേര്‍ത്തിരിക്കും. ഇന്ന്‌ ഈ നിലയും വിട്ട്‌ ബ്ലോഗുകള്‍ വളര്‍ന്ന്‌ കഴിഞ്ഞു. ഇന്റര്‍നെറ്റിന്റെ സാധ്യതകളെ തന്നെ വിപ്ലവകരമായി മാറ്റിമറിച്ച്‌ അറിവിന്റെ പ്രസരണത്തിന്‌ ഏറ്റവും പറ്റിയ ഉപാധിയായി ബ്ലോഗുകള്‍ വളര്‍ന്നു. ഉദാഹരണങ്ങള്‍ അനവധിയാണ്‌. ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ഇതൊരു പഠനോപാധിയായി ഉപയോഗിക്കാം. ടീച്ചര്‍ക്ക്‌ പ്രത്യേക വിഷയത്തില്‍ ഒരു ചര്‍ച്ച ആരംഭിക്കുന്നതിന്‌ ബ്ലോഗുകള്‍ സഹായിക്കും. ടീച്ചര്‍ക്ക്‌ ബ്ലോഗില്‍ ഒരു 'വിഷയ ചരട്‌' നല്‍കിയ ശേഷം കുട്ടികളോട്‌ അഭിപ്രായം പ്രകടിപ്പിക്കാന്‍ പറയാം. തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കുട്ടികള്‍ ബ്ലോഗിലുള്ള 'കമന്റ്‌' എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ മതി. ഒരു കമ്പനിക്കാണെങ്കില്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിക്കാനും അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കാനും ബ്ലോഗുകള്‍ പോലെ ഫലപ്രദമായ മറ്റ്‌ മാര്‍ഗമില്ല. വ്യാപകമായ പ്രചാരമാണ്‌ ബ്ലോഗ്‌ സാങ്കേതിക വിദ്യയ്ക്ക്‌ ഇന്ന്‌ ലഭിച്ചിരിക്കുന്നത്‌. ബ്ലോഗുകള്‍ ഹോസ്റ്റ്‌ ചെയ്യുന്ന അനേകം ഹോസ്റ്റ്‌ സര്‍വീസുകള്‍ നെറ്റില്‍ സൌജന്യമായി ലഭിക്കുന്നതാണ്‌ അതിന്‌ കാരണം. ഉപയോഗിക്കുന്നവര്‍ക്ക്‌ ഏതാനും മൌസ്‌ ക്ലിക്കുകള്‍ കൊണ്ടു തന്നെ ഒരു ബ്ലോഗ്‌ സൃഷ്ടിക്കാന്‍ കഴിയും. പ്രത്യേകിച്ച്‌ സാങ്കേതിക ജ്ഞാനമൊന്നും ഇക്കാര്യത്തില്‍ വേണ്ട. വെബ്‌ അധിഷ്ഠിതമായ രീതിയിലാണ്‌ ബ്ലോഗുകള്‍ മിക്ക ഹോസ്റ്റിംഗ്‌ സര്‍വീസുകളും ലഭ്യമാക്കുന്നത്‌. സാധാരണ ലഭിക്കുന്ന വേഡ്‌ പ്രൊസസിംഗ്‌ ടൂളുകള്‍ തന്നെ അതിനോട്‌ ഇഴകി ചേര്‍ത്തിരിക്കുന്നു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും അവതരിപ്പിക്കാന്‍ ഉണ്ടെങ്കില്‍ ടൈപ്പ്‌ ചെയ്യാനുള്ള കഴിവ്‌ മാത്രം ഉണ്ടായാല്‍ മതി. അത്‌ ബ്ലോഗിലൂടെ അവതരിപ്പിക്കാം. ബ്ലോഗര്‍ ആണ്‌ ലഭ്യമായ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്‌ ഹോസ്റ്റിംഗ്‌ സര്‍വീസ്‌ www.blogger.com). ഒട്ടേറെ ബ്ലോഗുകള്‍ സൌജന്യമായി സൃഷ്ടിക്കാന്‍ ഈ സര്‍വീസ്‌ അനുവദിക്കുന്നുണ്ട്‌. സൈറ്റിലെത്തി സൈന്‍ അപ്പ്‌ ചെയ്യുകയേ വേണ്ടൂ. http://blog_name.blogspot.com എന്ന രീതിയില്‍ ഉള്ള അഡ്രസ്‌ ആകും ബ്ലോഗര്‍ ഉപയോഗിച്ച്‌ സൃഷ്ടിക്കുന്ന ബ്ലോഗുകള്‍ക്ക്‌ ലഭിക്കുക. മറ്റ്‌ ബ്ലോഗ്‌ ഹോസ്റ്റിംഗ്‌ സര്‍വീസുകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത മറ്റൊരു സൌകര്യവും ബ്ലോഗര്‍ നല്‍കുന്നുണ്ട്‌. അവരുടെ 'ബ്ലോഗ്‌ ദിസ്‌' ബട്ടണ്‍ ഉപയോഗിച്ചാല്‍ വെബ്സൈറ്റില്‍ ചെല്ലാതെ തന്നെ വിവരങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കും.

6 Comments:

At Thursday, July 07, 2005 5:57:00 am, Blogger സണ്ണി | Sunny said...

ബ്ലോഗ്‌ ലോകം by: ജെ.മുരളി

 
At Thursday, July 07, 2005 6:29:00 am, Blogger High Power Rocketry said...

:O)

 
At Thursday, July 07, 2005 7:32:00 am, Blogger സു | Su said...

:)

 
At Thursday, July 07, 2005 7:41:00 am, Blogger Kalesh Kumar said...

നല്ല ലേഖനം!

 
At Thursday, July 07, 2005 3:11:00 pm, Anonymous Anonymous said...

അതുശരി അങനേയാ?-സു-

 
At Saturday, December 10, 2005 1:11:00 am, Blogger sunil paul said...

I am new to this world and realy exited to see lot of malayalam blogs. I too like blog in malayalam.
regards
sunilpaul

 

Post a Comment

<< Home